Posted by: Soumya | May 10, 2009

വംഗ പുത്രിയുടെ ലാസ്യ പൂര്‍ണിമ

കേ രള സംഗീത നാടക അക്കാദമിയുടെ ഇത്തവണത്തെ അവാര്‍ഡു ജേതാക്കളില്‍ ഒരാള്‍ ബംഗാളിയാണ്‌. നൃത്ത വിഭാഗത്തില്‍ അക്കാദമി അവാര്‍ഡു നല്‌കി ആദരിക്കുന്ന ആദ്യത്തെ മറുനാട്ടുകാരിയായ പല്ലവികൃഷ്‌ണന്‍ ഒട്ടേറെ ‘ആദ്യ’ത്തിന്റെ ഉടമയും കൂടിയാണ്‌. പല്ലവിയുടെ നൃത്തവിശേഷങ്ങളിലൂടെ…..

Pallavi Krishnan

ഭരതനാട്യത്തേയും ഒഡീസിയേയുമൊക്കെ അപേക്ഷിച്ച്‌ മോഹിനിയാട്ടത്തിന്റെ അവസ്ഥ പിറകിലാണ്‌. ഇന്ന്‌ ഒരു പരിധിവരെ മോഹിനിയാട്ടവും ദേശീയ-അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടു. അന്യസംസ്ഥാനക്കാരും മോഹിനിയാട്ട രംഗത്ത്‌ ശ്രദ്ധിക്കാന്‍ തുടങ്ങി; മലയാളി മങ്കയുടെ സ്വന്തം നൃത്തരൂപത്തെ നെഞ്ചിലേറ്റി ഇവര്‍ കേവലം ഒരു കേരളീയ നൃത്തരൂപം എന്നതിലുപരി ഭാരതീയ ലാസ്യ മോഹനയായി വളര്‍ത്തിയെടുത്തു. ഇന്ന്‌ യുവതലമുറയിലെ ശ്രദ്ധേയരായ മോഹിനിയാട്ട നര്‍ത്തകിമാരില്‍ പ്രഥമഗണനീയയാണ്‌ ബംഗാളിയായ പല്ലവികൃഷ്‌ണന്‍. കേരള സംഗീത നാടക അക്കാദമി അവരുടെ പുരസ്‌കാരം നല്‌കി പല്ലവിയെ ആദരിക്കുമ്പോള്‍ അതു മോഹിനിയാട്ടത്തിന്റെ ഉജ്ജ്വല വളര്‍ച്ചയെയും അടിവരയിടുന്നു; പല്ലവി ജന്മം കൊണ്ട്‌ ബംഗാളിയും കര്‍മംകൊണ്ട്‌ മലയാളിയും ആണ്‌.

ശാന്തിനികേതനിലും കേരള കലാമണ്ഡലത്തിലും അഭ്യസിച്ച ഏകനര്‍ത്തകിയും പല്ലവിതന്നെ. ഈ രണ്ടു സ്ഥാപനങ്ങളും ആദാനപ്രദാനങ്ങളിലൂടെ സാംസ്‌കാരിക വിനിമയം നടത്തണമെന്നാഗ്രഹിച്ച ടാഗോറിന്റെയും വള്ളത്തോളിന്റെയും മഹത്തരമായ ചേതോവികാരം പൂവണിഞ്ഞത്‌ പഴയ കിഴക്കന്‍ ബംഗാളില്‍ (ബംഗ്ലാദേശ്‌) കുടുംബവേരുകളുള്ള പല്ലവിയിലൂടെ എന്നത്‌ യാദൃച്ഛികമാവാം.

2008 മുതല്‍ പല്ലവി ഭാരതസര്‍ക്കാറിന്റെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷനും ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ചേര്‍ന്നു സംയുക്തമായി നടത്തുന്ന ഒരു പ്രൊജക്ടുമായി സഹകരിച്ചുവരികയാണ്‌- കേരളീയകലയായ മോഹിനിയാട്ടം അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ പ്രചരിപ്പിക്കുക- ക്ലാസുകള്‍, ശില്‌പശാലകള്‍, നൃത്താവതരണം എന്നിവയിലൂടെ. ഇതിന്നായി ആറുമാസത്തെിലൊരിക്കല്‍ ആറാഴ്‌ചയെങ്കിലും ബംഗ്ലാദേശില്‍ ചെന്നേപറ്റൂ.

രണ്ടാമത്തെ യാത്ര കഴിഞ്ഞ്‌ ഈ വിഷുവിന്റെ തലേന്നാളാണ്‌ പല്ലവി തിരിച്ചെത്തിയത്‌.
ദുര്‍ഗാപൂരിലെ ബര്‍ദ്‌ബാന്‍ സര്‍വകലാശാലയില്‍ നിന്നും സയന്‍സില്‍ ബിരുദം നേടിയശേഷമാണ്‌ പല്ലവി നൃത്തത്തില്‍ കൂടുതല്‍ ആകൃഷ്‌ടയായത്‌. കഥകില്‍ തുടങ്ങി കൂടുതല്‍ ചലനപ്രദമായ ഒരു നൃത്ത രൂപം അന്വേഷിച്ച്‌ കലാമണ്ഡലം ശങ്കരനാരായണന്റെ (ശാന്തിനികേതന്‍) കീഴില്‍ ഭരതനാട്യവും മോഹിനിയാട്ടവും പഠിക്കാനിടയായ പല്ലവി തുടര്‍ന്ന്‌ ശാന്തിനികേതനില്‍ കഥകളി മുഖ്യവിഷയമായെടുത്ത്‌ നൃത്തവിഭാഗത്തില്‍ ബിരുദത്തിന്‌ ചേര്‍ന്നു. ”പ്രധാനലക്ഷ്യം ശങ്കര്‍ദായുടെ കീഴില്‍ സായാഹ്നങ്ങളിലും അനധ്യായ ദിവസങ്ങളിലും വാരാന്ത്യങ്ങളിലുമൊക്കെ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിക്കലായിരുന്നു. ” പഠനകാലം മുഴുവന്‍ പ്രശസ്‌തമായ വിശ്വഭാരതി സ്‌കോളര്‍ഷിപ്പ്‌ നേടി ഡിസ്റ്റിങ്‌ഷനില്‍ ഒന്നാം റാങ്കോടെ ബിരുദം നേടിയ പല്ലവിയുടെ ഓര്‍മകള്‍ പിന്നോട്ടുപോയി.

”ശാന്തിനികേതനിലെ പഠനം കഴിഞ്ഞപ്പോഴേക്കും അഭിനയ പ്രധാനമായ ലാസ്യചലനങ്ങളോടുള്ള എന്റെ താത്‌പര്യം ഏറി; ഞാന്‍ മോഹിനിയാട്ടത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന താത്‌പര്യത്തോടെ ശങ്കര്‍ദാ എന്നെ കേരളത്തിലേക്ക്‌ കൊണ്ടുവന്നു കലാമണ്ഡലത്തില്‍ ചേര്‍ത്തു. അന്ന്‌ മോഹിനിയാട്ടത്തിന്റെ അമ്മ തന്നെയായ സത്യഭാമ ടീച്ചര്‍ ആയിരുന്നു കലാമണ്ഡലം പ്രിന്‍സിപ്പല്‍. ശങ്കര്‍ദായുടെ ശുപാര്‍ശയില്‍ ടീച്ചര്‍ എന്നെ കലാമണ്ഡലത്തില്‍ ചേരാനനുവദിച്ച്‌ നേരെ ലീലാമ്മ ടീച്ചറുടെ കളരിയിലേക്ക്‌ വിട്ടു.”

പഠനശേഷം പല്ലവിയെ പ്രൊതിമാബേദി ബാംഗ്ലൂരിലുള്ള നൃത്യഗ്രാമിലേക്ക്‌ ക്ഷണിച്ചു, ഭാരതി ശിവജിയുടെ കീഴില്‍ പഠനം തുടരാന്‍. എന്നാല്‍ നൃത്യഗ്രാമില്‍ ചില ഗ്രൂപ്പ്‌ ഇനങ്ങള്‍ റെക്കോര്‍ഡ്‌ സംഗീതത്തിനൊത്ത്‌ അവതരിപ്പിക്കുക എന്നതില്‍ കവിഞ്ഞ സാധ്യതകള്‍ ഇല്ലാഞ്ഞതിനാല്‍ താമസിയാതെ പ്രൊതിമയുടെ അനുമതിയോടെ തന്നെ നൃത്യഗ്രാമം വിട്ടു കേരളത്തിലേക്ക്‌ വന്നു. തുടര്‍ന്ന്‌ നാലു വര്‍ഷത്തോളം ഭാരതി ശിവജിയുടെ കീഴിലും പിന്നീട്‌ കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സുഗന്ധി തുടങ്ങിയവരുടെ കീഴിലും പഠിച്ചു.

മോഹിനിയാട്ടത്തെ ആദിതാളത്തില്‍ മാത്രം തളച്ചിടാതെ ചാരുതയും വൈവിധ്യവുമാര്‍ന്ന അപൂര്‍വകേരളീയ താളങ്ങളും സംഗീതത്തിന്റെ ശാസ്‌ത്രീയമാസ്‌മരികതയും അഭിനയസംഗീതത്തിന്റെ വശ്യതാരുണ്യവും ചേരുംപടി ചേര്‍ത്തിണക്കിയതാണ്‌ പല്ലവിയുടെ ചിട്ടപ്പെടുത്തലുകള്‍. രബീന്ദ്രസംഗീതത്തില്‍ നേടിയ സാമ്പ്രദായിക പരിശീലനവും വിശ്വപ്രശസ്‌തരായ വിവിധ മേഖലകളിലെ, ഗുരുക്കന്മാരുമായി ലോകത്തെമ്പാടുമുള്ള വേദികള്‍ പങ്കിട്ടതിലൂടെ നേടിയ അനുഭവവും തന്റെ കലയുടെ സമസ്‌തമേഖലകളിലും പല്ലവി പ്രാവര്‍ത്തികമാക്കുന്നു. അതുകൊണ്ടുതന്നെ പല്ലവി അനന്യസാധാരണമായ ഒരു പരീക്ഷണമനസ്സിന്റെ ഉടമയും ഭാരതീയ നൃത്തരംഗത്തെ വേറിട്ടൊരു വക്താവുമാകുന്നു.

പരീക്ഷണ കൗതുകിയായ ആ ഗവേഷണ മനസ്സ്‌ താളങ്ങളുടെയും രാഗങ്ങളുടെയും സന്ദര്‍ഭാനുസാരിയായ ഭാവാനുഭൂതിയുടെയും വേരുകള്‍ തേടി നിരന്തരം മറ്റു മേഖലകളിലെ കലാകാരന്മാരുമായും സംവേദിക്കുന്നു. പരേതരായ പല്ലാവൂര്‍ അപ്പുമാരാര്‍, വാദ്യകലാപണ്ഡിതന്‍ എ.എസ്‌.എന്‍. നമ്പീശന്‍ തുടങ്ങിയവരില്‍ നിന്നൊക്കെ ഇനിയും പലതും പഠിക്കാനുണ്ടായിരുന്നല്ലോ എന്നാണ്‌ പല്ലവിയുടെ കുണ്‌ഠിതം. പല്ലവിയുടെ പ്രിയപ്പെട്ട വാദ്യചക്രവര്‍ത്തിയാണ്‌ ചെണ്ടയിലെ നാദവിസ്‌മയമായ മട്ടന്നൂര്‍ ശങ്കരമാരാര്‍. ഇരുകൂട്ടരുടെയും തിരക്കും യാത്രയും കാരണം ഉദ്ദേശിച്ച പലചര്‍ച്ചകളും അനന്തമായി നീണ്ടുപോവുന്നു എന്നാണ്‌ വിഷമം. പല്ലവിയുടെ പ്രശസ്‌തമായ ഗ്രൂപ്പ്‌ കോറിയോഗ്രാഫികളിലൊന്നായ ‘സാലഭഞ്‌ജിക’യുടെ സംഗീതത്തില്‍ യശഃശരീരനായ കലാമണ്ഡലം ഹൈദരാലി നല്‍കിയ സംഭാവനകള്‍ നിസ്‌തുലമാണെന്നോര്‍ക്കുന്നു അവര്‍. കാവാലം നാരായണപ്പണിക്കരുടെ കൃതികളും രംഗത്ത്‌ അവതരിപ്പിക്കാനുള്ള പല്ലവിയുടെ പുതിയ കോറിയോഗ്രാഫിയാണ്‌ പൂന്താനത്തിന്റെ ‘ജ്ഞാനപ്പാന’.

ഇതൊക്കെയാണെങ്കിലും പുതിയ ഒരിനം ചിട്ടപ്പെടുത്തിയാല്‍ നാട്യശാസ്‌ത്രവിദഗ്‌ധനായ സി.പി. ഉണ്ണികൃഷ്‌ണന്‍, കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം ക്ഷേമാവതി തുടങ്ങിയ പ്രഗല്‌ഭരുടെ വീട്ടില്‍ച്ചെന്ന്‌ അവരുടെ മുന്നിലും അവതരിപ്പിച്ച്‌ കാണിച്ച്‌ അവരുടെയൊക്കെ അഭിപ്രായമാരാഞ്ഞ്‌ ഉപദേശം കൂടി കണക്കിലെടുത്തേ പല്ലവി രംഗത്ത്‌ അവതരിപ്പിക്കുകയുള്ളൂ. ”കൂടുതല്‍ വര്‍ക്കു ചെയ്യുകയും അറിവും അനുഭവമുള്ളവരുമായി സംവേദിക്കുകയും ചെയ്യുമ്പോഴാണ്‌ എന്റെ താത്‌പര്യം ഏറുന്നതും എന്നേക്കുറിച്ചു തന്നെ ഞാന്‍ ബോധവതിയാവുന്നതും”.

പല്ലവി കേരളത്തില്‍ വന്ന്‌ മോഹിനിയാട്ടത്തില്‍ മാത്രം ശ്രദ്ധയൂന്നി കലര്‍പ്പില്ലാത്തതും കറതീര്‍ന്നതുമായ ഒരു ശൈലിയുടെ വക്താവായി നിരവധിവേദികളില്‍ സോളോ പരിപാടി അവതരിപ്പിച്ചു നേടിയ പ്രശംസയും മാധ്യമ പിന്തുണയും ഒരുപാട്‌ യുവനര്‍ത്തകികള്‍ക്ക്‌ മോഹിനിയാട്ടത്തില്‍ മാത്രം ശ്രദ്ധ ചെലുത്താന്‍ പ്രേരകമായി; ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും ശ്രദ്ധചെലുത്താനായി ചെന്നൈയിലേക്ക്‌ വണ്ടികയറിയ ചിലരൊക്കെ നാട്ടിലേക്ക്‌ തിരിച്ചുവന്ന്‌ വീണ്ടും മോഹിനിയാട്ടത്തിന്റെ ആഹാര്യമണിയാന്‍ തുടങ്ങി. കേരളകലാമണ്ഡലത്തില്‍ നിന്നും കലാമണ്ഡലം ലീലാമ്മ തുടങ്ങിയവരുടെ തലമുറയ്‌ക്കുശേഷം പഠിച്ചു പുറത്തുവന്ന കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ പഠിച്ചിറങ്ങി ഇന്ന്‌ ദേശീയ-അന്തര്‍ദേശീയതലത്തില്‍ അറിയപ്പെടുന്ന ഏകനര്‍ത്തകിയും പല്ലവി എന്ന വംഗപുത്രിതന്നെ. മലയാളത്തിന്റെ മരുമകളായി ഒരു ശരാശരി മലയാളിയേക്കാളും നല്ല മലയാളിയായി, ഒഴിവുവേളകളില്‍ സെറ്റുമുണ്ടും കളഭക്കുറിയും തുളസിക്കതിരും അണിഞ്ഞ്‌ ക്ഷേത്രദര്‍ശനങ്ങള്‍ നടത്തി ശുദ്ധമലയാളം പറഞ്ഞ്‌ അവര്‍ തന്റെ സാന്നിധ്യം ആരവങ്ങളില്ലാതെ രേഖപ്പെടുത്തുന്നു, 1994 മുതല്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്ത്‌.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌ നേടിയ വിവരമറിഞ്ഞ്‌ കാലത്ത്‌ ലഭിച്ച ആദ്യത്തെ ഫോണ്‍ സത്യഭാമടീച്ചറുടെതായിരുന്നു എന്നത്‌ പല്ലവിയെകൂടുതല്‍ ആഹ്ല്‌ളാദചിത്തയാക്കുന്നു. ”വളരെ സന്തോഷമുണ്ട്‌, കുട്ടി ഇത്‌ അര്‍ഹിക്കുന്നു, ഇനിയും വലിയ അംഗീകാരങ്ങള്‍ തേടിവരട്ടെ” എന്ന ടീച്ചറുടെ അനുഗ്രഹത്തിന്‌ പിറകേ പഴയ ഗുരുക്കന്മാര്‍ ഉള്‍പ്പെടെ ഒരുപാട്‌ നൃത്തഗുരുക്കന്മാരും പഴയസഹപാഠികളുമൊക്കെ പല്ലവിയെ വിളിച്ച്‌ അനുമോദിച്ചു. ”കഥകളിയായാലും മോഹിനിയാട്ടമായാലും മേളമായാലും കേരളീയ ഗുരുക്കന്മാരുടെ ലാളിത്യവും വിനയവും കാപട്യവുമില്ലാത്ത സ്‌നേഹവും മറ്റു സംസ്ഥാനങ്ങളില്‍ കാണുമെന്ന്‌ തോന്നുന്നില്ല” പല്ലവിയുടെ കണ്‌ഠമിടറി.

ഉറവിടം : മാതൃഭൂമി വാരാന്തപതിപ്പ് 10 മെയ്‌ 2009

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

Categories

Follow

Get every new post delivered to your Inbox.